കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണനടപടികള്‍ വീണ്ടും മാറ്റി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണു വിചാരണ മാറ്റിയത്.
നടിയെ ആക്രമിച്ച കേസില്‍ വിധി പറയാനുള്ള നടപടികള്‍ ഇതേ കോടതിയില്‍ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് അഭിമന്യു വധക്കേസ് വിചാരണനടപടികള്‍ 2026 ജനുവരി അഞ്ചിലേക്കു മാറ്റിയത്. 16 പ്രതികളുടെ വിചാരണയാണ് ആദ്യഘട്ടത്തില്‍ നടക്കുക. 2018 ജൂലൈ രണ്ടിനാണ് അഭിമന്യു കൊല്ലപ്പെട്ടത്.
കാമ്പസ് ഫ്രണ്ട്, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണു പ്രതികള്‍. ഏഴു വര്‍ഷം പിന്നിട്ട കേസിലെ വിചാരണനടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി അനുവദിച്ച സമയപരിധി അവസാനിച്ചിരുന്നു. നടി ആക്രമണക്കേസിന്റെ സാഹചര്യം ചൂണ്ടിക്കാട്ടി വിചാരണക്കോടതി സമയം നീട്ടി ചോദിച്ചിട്ടുണ്ട്.
അഭിമന്യു കേസില്‍ 125 സാക്ഷികളെയാണു വിസ്തരിക്കേണ്ടത്.